Wednesday 27 May 2015

പ്രോമിത്യൂസ്

മനസ്സിലേതോ കോണില്‍ ചാരംമൂടിക്കിടന്ന
 ഒരു ചെറുതീപ്പൊരിയെ
ഉലയൂതി പഴുപ്പിച്ചെടുത്തുവെച്ചു.

എപ്പോഴോ മേധയിലുയിര്‍കൊണ്ട വാക്കുകള്‍
തടവറയിലെ നിരപരാധികളെപ്പോലെ
നിലവിളിച്ചുകൊണ്ട് കിടന്നു കടലാസില്‍.

സഹികെട്ടപ്പോള്‍ , ഞാന്‍ പുകഞ്ഞുതീരാറായ
മരണത്തിന്റെ ദീപശിഖയില്‍ നിന്നും
മോചനത്തിന്റെ അഗ്നി പകര്‍ന്നു.

ഊതിവിട്ട പുകച്ചുരുളുകള്‍ പരിക്രമങ്ങളായി
തലയ്ക്കു പിന്നില്‍ അണിനിരന്നതു കണ്ട് ,
ലോകത്തോട് വിളിച്ചു പറഞ്ഞു
“ഞാനാണ് പ്രൊമിത്യൂസ്”

പേ പിടിച്ച പട്ടിയെ പോലെ
തീനാമ്പുകള്‍ കടലാസിന്റെ
മാനം കവര്‍ന്നു  തുടങ്ങിയപ്പോള്‍ ,

പുതുമഴയിലെ ഇയാംപാററകളായി പറന്നു പോയ 
അക്ഷരങ്ങളുടെ ആത്മാക്കള്‍
നന്ദിയോടെ പറഞ്ഞിട്ടുണ്ടാവണം ,
"സയോനോരാ "



1 comment:

  1. പുതുമഴപെയ്തങ്കില്‍ വീണ്ടും മുളച്ചുവന്നോളും.....
    ആശംസകള്‍

    ReplyDelete